അല്ലാഹു അക്ബർ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 06/06/2025

അല്ലാഹുവിന്റെ പരമോന്നതി വിളിച്ചോതുന്ന ദിക്‌റാണ് 'അല്ലാഹു അക്ബർ'. സത്യവിശ്വാസി ഉള്ളുതുറന്ന് ഉച്ചൈസ്തരം വിളിച്ചോതുന്ന മുദ്രാവാക്യം. സത്യവിശ്വാസികളുടെ സഹജമായ ആദർശസൂക്തവുമാണത്. ഒരിക്കൽ ഒരാൾ അല്ലാഹു അക്ബർ, അല്ലാഹു അക്ബർ എന്ന് വിൡച്ചോതുന്നത് കേൾക്കുകയുണ്ടായ നബി (സ്വ) മൊഴിഞ്ഞു: സഹജമായ ആദർശവിശുദ്ധിയിലാണ് (ഹദീസ് മുസ്ലിം 382, അഹ്‌മദ് 3861). 


മഹോന്നതിയിലും കഴിവിലും അല്ലാഹുവാണ് സകലതിനേക്കാൾ ഏറ്റവും പെരിയവനെന്ന പ്രാപഞ്ചിക സത്യം ഉദ്‌ഘോഷിക്കുന്ന മഹത് വാക്കുകളാണ് അല്ലാഹു അക്ബർ. പരിശുദ്ധ ഖുർആനിൽ പല സന്ദർഭങ്ങളിലായി അല്ലാഹുവിന്റെ ഉന്നതി വാഴ്ത്താൻ കൽപ്പിക്കപ്പെടുകയും അവൻ മഹോന്നതനാണെന്ന വിളംബരം പ്രസ്താവിക്കപ്പെടുകയും ചെയ്തിട്ടുണ്ട്: 

മഹാനും ഉന്നതനുമമാണവൻ (സൂറത്തുർറഅ്ദ് 09)

താങ്കളുടെ നാഥന്റെ മഹത്വം വാഴ്ത്തുക (സൂറത്തുൽ മുദ്ദസ്സിർ 03). 

അല്ലാഹുവിനെ നല്ലവണ്ണം മഹത്ത്വവൽക്കരിക്കുക (സൂറത്തുൽ ഇസ്‌റാഅ് 111).


സ്രഷ്ടാവായ അല്ലാഹുവിനെ മഹത്ത്വവൽക്കരിക്കുന്നതിന്റെയും അവന്റെ ഉന്നതി വാഴ്ത്തുന്നതിന്റെയും അറബി ഭാഷയിലുള്ള ശക്തമായ വാക്പ്രയോഗമാണ് അല്ലാഹു അക്ബർ എന്നത്. ഏറ്റവും വലിയവനായ അവൻ മാത്രമാണ് സൃഷ്ടികൾക്ക് അഭയം. അവൻ തന്നെ ഏവരുടെയും പ്രയാസങ്ങൾ അകറ്റുന്നതും. പരിശുദ്ധ ഖുർആനിൽ കാണാം: അതോ പ്രതിസന്ധിയിലകപ്പെട്ടവൻ പ്രാർത്ഥിച്ചാൽ അവനു ഉത്തരമേകുകയും കഷ്ടപ്പാട് ദൂരീകരിക്കുകയും ഭൂമിയിൽ നിങ്ങളെ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ ഉദാത്തൻ (സൂറത്തുന്നംല് 62). 


നമ്മുടെ ദൈനംദിന ആരാധനാകർമ്മങ്ങൾ നിരീക്ഷിച്ചാൽ അവയിൽ അല്ലാഹു അക്ബറെന്ന തക്ബീർ പലേടത്തും പറയപ്പെടുന്നുണ്ടെന്ന കാര്യം മനസ്സിലാക്കാം. ഉദാഹരണത്തിന്, ബാങ്ക്, ഹജ്ജ്, ഉള്ഹിയ്യത്ത്, ദുആ എന്നിവയിലെല്ലാം തക്ബീർ ഉരുവിടപ്പെടുന്നുണ്ട്. 

അല്ലാഹു എല്ലാത്തിനേക്കാളും വലിയവനെന്നും അവനാണ് എല്ലാ പ്രതിബന്ധങ്ങളിൽ നിന്നും രക്ഷിക്കുന്നവനെന്നും തക്ബീർ ഉറപ്പിച്ചുപറയുന്നു. ചോദിക്കുക, ഈ വിപത്തിൽ നിന്നു അല്ലാഹു നമ്മെ രക്ഷിച്ചാൽ ഞങ്ങളവനോട് കൃതജ്ഞരാവുക തന്നെ ചെയ്യും എന്ന് ഭവ്യതയോടെയും രഹസ്യമായും പ്രാർത്ഥിക്കുമ്പോൾ നിങ്ങളെ കരയിലും കടലിലും പിടികൂടുന്ന ദുരന്തങ്ങളിൽ നിന്നു വിമോചിപ്പിക്കുന്നതാരാണ് അതിലും മറ്റെല്ലാ വിപത്തുകളിലും നിന്നു നിങ്ങളെ രക്ഷപ്പെടുത്തുന്നത് അല്ലാഹുവാകുന്നു എന്നു താങ്കൾ പറയുക (സൂറത്തുൽ അൻആം 63, 64). 

ദുൽഹിജ്ജ മാസത്തിൽ ഈ പരിപാവന ദിവസങ്ങളിൽ തക്ബീറുകൾ അധികരിപ്പിക്കുക. തക്ബീർ ചൊല്ലുന്നത് അല്ലാഹുവിന്റെ അടയാളമാണ്. അല്ലാഹുവിന്റെ മതചിഹ്നങ്ങൾ ഒരാൾ ആദരിക്കുന്നുവെങ്കിൽ അത് ഹൃദയങ്ങളിലെ സൂക്ഷ്മതയിൽ നിന്നുൽഭൂതമാകുന്നതു തന്നെയത്രെ (സൂറത്തുൽ ഹജ്ജ് 32). അല്ലാഹു അക്ബർ എന്നത് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടതും അവനിലേ ക്ക് ഏറ്റം അടുപ്പിക്കുന്നതുമായ വാക്യങ്ങളിൽപ്പെട്ടതാണ്. മാത്രമല്ല, ഇഹലോകത്തിനേക്കാളും അതിലുള്ള സകലതിനേക്കാളും പവിത്രവുമാണത് (ഹദീസ് മുസ്ലിം 5724, തഫ്‌സീറുൽ ഖുർത്വുബി 1/345). 

തക്ബീർ ചൊല്ലുന്നവന് സ്വർഗമുണ്ടെന്ന് സന്തോഷ വാർത്ത നൽകപ്പെട്ടിട്ടുണ്ടെന്നാണ് നബി (സ്വ) അറിയിച്ചിരിക്കുന്നത് (ഹദീസ് ത്വബ്‌റാനി അൗസത്വ് 7779). അതിനാൽ തക്ബീറുകൾ പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും വ്യാപിക്കുക. എല്ലാ പ്രാർത്ഥനകളിലും ആവശ്യതേട്ടങ്ങളിലും തക്ബീർ ചൊല്ലുക. അല്ലാഹു എല്ലാം എളുപ്പമാക്കും.


back to top