അയൽക്കാർ സ്വന്തക്കാർ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 13/06/2025

കുടുംബബന്ധമോ രക്തബന്ധമോ ഇല്ലാതെ തന്നെ പരസ്പരം ബന്ധുക്കളാവുന്ന ബന്ധമാണ് അയൽപക്ക ബന്ധം. ഇസ്ലാം അയൽപക്ക ബന്ധത്തിന് മഹിതമായ സ്ഥാനം വകവെച്ചുനൽകുന്നുണ്ട്. അല്ലാഹു പറയുന്നു: നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുക. അവനോട് യാതൊന്നിനെയും പങ്കുചേർക്കരുത്. മാതാപിതാക്കൾ, ബന്ധുക്കൾ, അനാഥകൾ, അഗതികൾ, ബന്ധുവോ അന്യനോ ആയ അയൽക്കാരൻ, സഹവാസികൾ, സഞ്ചാരികൾ, സ്വന്തം അധീനതയിലുള്ള അടിമകൾ എന്നിവരോടൊക്കെ നല്ല രീതിയിൽ വർത്തിക്കുക (സൂറത്തുന്നിസാഅ് 36). അയൽവാസികളുടെ സ്ഥാനം വ്യക്തമാക്കുന്നതാണ് ഈ ഖുർആനിക സൂക്തം. മാതാപിതാക്കൾ, കുടുംബക്കാർ എന്നിവരോടൊപ്പം അയൽക്കാരോടും നല്ല രീതിയിൽ പെരുമാറാനാണ് കൽപ്പിച്ചിരിക്കുന്നത്. 

ജനങ്ങളിൽവെച്ച് കൂടുതൽ സഹവസിക്കുന്നതും ഇടകലരുന്നതും അയൽവാസികളോടായിരിക്കും. അതുകൊണ്ട് തന്നെ സത്യവിശ്വാസിത്തിന്റെ പരിപൂർണതക്ക് അവരോട് നന്നായി വർത്തിക്കേണ്ടത് അന്ത്യതാപേക്ഷിതമാണ്. അയൽവാസിയോട് നല്ല രീതിയിൽ വർത്തിച്ച് പരിപൂർണ സത്യവിശ്വാസിയാവാനാണ് നബി (സ്വ) കൽപ്പിച്ചിരിക്കുന്നത് (ഹദീസ് തുർമുദി 2305). എന്നാൽ അയൽവാസിയോട് മോശമായി പെരുമാറുന്നത് സത്യവിശ്വാസത്തിന്റെ ബലക്കുറവാണ് കാണിക്കുന്നത്. അതിനാലാണ് നബി (സ്വ) വളരെ കാർക്കശ്യത്തോടെ മൂന്നുപ്രാവശ്യം അല്ലാഹുവാണേ സത്യം, യഥാർത്ഥ സത്യവിശ്വാസിയാവില്ല എന്ന് ശപഥം ചെയ്തു പറഞ്ഞത്. അപ്പോൾ അനുചരന്മാർ ചോദിച്ചു ആരാണ് തിരുദൂതരേ?, നബി (സ്വ) മറുപടി നൽകി: അയൽവാസിയെ പ്രയാസപ്പെടുത്തുന്നവൻ (ഹദീസ് ബുഖാരി 6061). 

അയൽവാസിയോടും കടപ്പാടുകളുണ്ട്. അതിൽ വീഴ്ച വരുത്തരുത്. അയൽവാസിയുടെ കാര്യത്തിൽ മലക്ക് ജിബ്‌രീൽ (അ) നബി (സ്വ) യോട് ആവർത്താവർത്തിച്ച് വസ്വിയ്യത്ത് ചെയ്തിരുന്നുവത്രെ, എത്രത്തോളമെന്നാൽ അയൽവാസിക്ക് അനന്തരാവകാശം വരെ നൽകേണ്ടിവരുമെന്ന പ്രതീതി പോലുമുണ്ടായി എന്ന് നബി (സ്വ) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് (ഹദീസ് അഹ്‌മദ് 9746).

അയൽവാസിയെ കണ്ടുമുട്ടിയാൽ ആദ്യം സലാം പറഞ്ഞു പുഞ്ചിരിയോടെ അഭിമുഖീകരിക്കണം. പുഞ്ചിരി പോലും സ്വദഖ എന്നാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് സ്വഹീഹു ഇബ്‌നുഹിബ്ബാൻ 695).

അയൽവാസി ക്ഷണിച്ചാൽ ക്ഷണം സ്വീകരിച്ച് ഉത്തരം നൽകണം. സമ്മാനം നൽകണം. സമ്മാനം സ്വീകരിക്കണം. പരസ്പം സമ്മാനങ്ങൾ നൽകി പരസ്പരം സ്‌നേഹം പരത്താനാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് ബുഖാരി, അദബുൽ മുഫ്‌റദ് 594). 

അയൽവാസികൾ ഒത്തുകൂടുന്നതും ബന്ധം സുഭദ്രമാക്കുന്നതും നല്ല കാര്യങ്ങളാണ്. 

അയൽപക്കബന്ധം സുദൃഢമാക്കുന്നത് ജീവിത വിജയത്തിന്റെ ലക്ഷണമാണ്. നബി (സ്വ) വിജയ കാരിണികൾ വിശദീകരിച്ചതിൽ ഒന്ന് സൽസ്വഭാവിയായ അയൽവാസിയാണ് (ഹദീസ് സ്വഹീഹു ഇബ്‌നു ഹിബ്ബാൻ 9   341).

മാത്രമല്ല നല്ല അയൽപക്ക ബന്ധം കുടുംബ ഭദ്രതക്കും ദീർഘായുസ്സിനും ഹേതുകമാകും (ഹദീസ് അഹ്‌മദ് 26001). സ്വന്തം അയൽവാസിയോട് നന്നായി വർത്തിക്കുന്നവനാണ് അന്ത്യനാളിൽ അല്ലാഹുവിങ്കൽ ഏറ്റവും നല്ല അയൽവാസികൾ (ഹദീസ് തുർമുദി 1944).  അതായത് ഇഹലോകത്ത് ഉപകാരം ചെയ്യുന്ന അയൽവാസി പരലോകത്ത് അവനിക്കായി ശിപാർശ ചെയ്യുകയും ചെയ്യും. നബി (സ്വ) പറഞ്ഞിട്ടുണ്ട്: ഒരാൾ മരണപ്പെടുകയും അയാളുടെ നാലു അയൽവാസികൾ അയാളിൽ നല്ലത് മാത്രമേ ഞങ്ങൾ അറിയുകയുള്ളൂ  എന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്താൽ അല്ലാഹു പറയും: അയാളെപ്പറ്റി നിങ്ങൾ അറിയുന്നത് ഞാൻ സ്വീകരിക്കുകയും നിങ്ങൾ അറിയാത്തത് ഞാൻ പൊറുത്തുകൊടുക്കുകയും ചെയ്തിരിക്കുന്നു (ഹദീസ് അഹ്‌മദ് 13541). അല്ലാഹുവിന്റെയും നബി (സ്വ)യുടെയും സ്‌നേഹം കിട്ടാൻ ആഗ്രഹിക്കുന്നുവെങ്കിൽ അയൽവാസികളോട് നന്നായി പെരുമാറിക്കൊള്ളട്ടെ എന്ന ഹദീസുമുണ്ട് (ഹദീസ് ത്വബ്‌റാനി 6517). 


back to top