യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി 20/06/2025
നാടിന്റെ ശാന്തി സമാധാനവും സുസ്ഥിരാവസ്ഥയും വലിയ ദൈവാനുഗ്രഹങ്ങളാണ്. ഒരു നാട്ടിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നുണ്ടെങ്കിൽ ഈ ലോകത്തിന്റെ സകല സുഖസൗകര്യങ്ങൾ പ്രാപ്യമാക്കിയെന്നാണ് കണക്കാക്കപ്പെടുന്നത്. നബി (സ്വ) പറയുന്നുണ്ട്: ഒരാൾക്ക് സ്വദേശത്ത് നിർഭയത്വവും സ്വശരീരത്തിൽ ആയുരാരോഗ്യവും അന്നന്നത്തെ അന്നവും ലഭിച്ചിട്ടുണ്ടെങ്കിൽ ഈ ലോകം മുഴുവതും നൽകപ്പെട്ടത് പോലെയാണ് (ഹദീസ് തുർമുദി 2346, ഇബ്‌നുമാജ 4141).
മാന്യവും സന്തുഷ്ടകരവുമായ ജീവിതത്തിന് നാടിന്റെ സമാധാനാവസ്ഥ ഒഴിച്ചുകൂടാനാവാത്തതാണ്. നാടിന്റെ സുസ്ഥിരതയും നാട്ടാരുടെ ഉന്നമനവും കുടുംബത്തിന്റെ സുഭദ്രതയും ഉറപ്പുവരുത്താൻ വേണ്ടത് ചെയ്യൽ ഓരോ വ്യക്തിയുടെയും ബാധ്യതയാണ്. മതപരമായ ചിട്ടകളും സാരോപദേശങ്ങളും അനുസരിച്ചായിരിക്കണം അത്.
പ്രഥമമായി അനുഗ്രഹങ്ങൾക്ക് അല്ലാഹുവിനോട് നന്ദി കാണിക്കണം. അല്ലാഹു പറയുന്നു: നിങ്ങൾ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് കൃതജ്ഞത പ്രകാശിപ്പിക്കുക, അവനെയാണ് നിങ്ങൾ ആരാധിക്കുന്നതെങ്കിൽ (സൂറത്തുന്നഹ്‌ല് 114). നന്ദികാട്ടുന്നവന് അനുഗ്രഹങ്ങൾ നിലനിൽക്കുകയും അതുവഴി പ്രതിഫലങ്ങൾ നൽകുകയും അവയിൽ വർധവ് നൽകുകയും ചെയ്യും.
അതിനാൽ ആത്യന്തികമായി പരസ്യമായും രഹസ്യമായും അല്ലാഹുവിന് നന്ദി പ്രകാശിപ്പിക്കണം.
ഈ നാടിന്റെ സംരക്ഷണത്തിന് അല്ലാഹുവിനോട് നാം നന്ദി കാണിക്കണം. ഇവിടം സ്വസ്ഥമായി ആരാധനകൾ അർപ്പിക്കാനാവുന്നതിന്, ശാന്തമായി ജീവിക്കുന്നതിന്, സമാധാനത്തോട് ജോലി ചെയ്യാനാവുന്നതിന്, മക്കൾക്ക് വിദ്യഭ്യാസം നൽകാനാവുന്നതിന്. സമൂഹ നിർമിതിയിൽ നാമും ഭാഗഭാക്കാവണം.
രണ്ടാമതായി, ആത്മാർത്ഥതയോടെ കഠിനമായി നാടിനായി പ്രയത്‌നിക്കണം.
അല്ലാഹു പറയുന്നു: നബിയേ, പ്രഖ്യാപിക്കുക, നിങ്ങൾ കർമ്മങ്ങൾ അനുഷ്ഠിച്ചുകൊള്ളുക, അല്ലാഹുവും അവന്റെ തിരുദൂതരും സത്യവിശ്വാസികളും നിങ്ങളുടെ പ്രവർത്തികൾ കാണുന്നതാണ് (സൂറത്തുത്തൗബ 105).
നാടിന്റെ സുസ്ഥിര ഭാവിക്കായി നാം മുന്നിറങ്ങണം. നമ്മുക്ക് ബന്ധമില്ലാത്ത വിഷയങ്ങളിൽ ഇടപെടരുത്. ഓരോർത്തരും അവരവരുടെ അഭിപ്രായങ്ങളിൽ നിർവൃതി കൊള്ളുന്ന ഘട്ടമുണ്ടായാൽ പൊതുജന വിഷയം ഒഴിവാക്കി സ്വന്തം കാര്യങ്ങളിൽ ശ്രദ്ധയൂന്നാനാണ് നബി (സ്വ) സാരോപദേശം നൽകിയിരിക്കുന്നത് (ഹദീസ് ബുഖാരി, മുസ്ലിം).
മൂന്നാമതായി, ഭരണാധികാരി പരിചയാണ് (ഹദീസ് ബുഖാരി, മുസ്ലിം). ഭരണീയരെ സംരക്ഷിക്കുന്നത് ഭരണാധികാരിയാണ്. അതിനാൽ ഭരണകൂടത്തെ അംഗീകരിക്കുകയും അനുസരിക്കുകയും വേണം. ഉത്തരവാദിത്വങ്ങളും കടമകളും നാം നിറവേറ്റുകയും അവർക്കായി പ്രാർത്ഥിക്കുകയും വേണം. സന്തോഷ ഘട്ടത്തിലും സന്താപ വേളയിലും ഭരണകൂടത്തെ ചെവികൊള്ളുകയും നിർദേശാനുസരണം പ്രവർത്തിക്കുകയും വേണം.
സമാധാനാന്തരീക്ഷവും നിർഭയത്വവും ഓരോ വ്യക്തിയുടെയും ബാധ്യതയാണ്. ഭയത്തിൽ നിന്നും വിശപ്പിൽ നിന്നും മോചനം നൽകിയ അല്ലാഹുവിനെ ആരാധിക്കാൻ ഖുർആൻ പ്രഖ്യാപനം നടത്തുന്നുണ്ട് (സൂറത്തു ഖുറൈശ് 3,4).
നാടിന്റെ ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള വാർത്തകൾ മാത്രം ആശ്രയിക്കുക. കേട്ടതെല്ലാം പറയൽ മനുഷ്യനെ പാപിയാക്കുമെന്നാണ് നബി (സ്വ) മുന്നറയിപ്പ് നൽകിയിരിക്കുന്നത് (ഹദീസ് അബൂദാവൂദ് 4992). വ്യാജങ്ങളെ കരുതിയിരിക്കുക. സമയം കളയാതിരിക്കുക.
നാടിനായി പ്രാർത്ഥിക്കണം. ഇബ്രാഹിം നബി (അ) മക്കാ നാടിനെ നിർഭയസ്ഥലിയാക്കാനും അവിടെ വസിക്കുന്നവർക്ക് കായ്കനികൾ ആഹാരമായി നൽകാനും പ്രാർത്ഥിച്ചത് ഖുർആനിൽ പ്രസ്താവ്യമാണ്.
ഈ നാട് ഇമാറാത്ത് സുരക്ഷിതമായ ഇടമാണ്. ഈ നാടിന്റെ സുസ്ഥിരതക്കായി പ്രവർത്തിക്കാം, പ്രാർത്ഥിക്കാം.

