യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 27/06/2025
ഏവർക്കും ഹിജ്‌റാ പുതുവർഷാശംസകൾ നേരുന്നു. ഈ വർഷം ശാന്തി സമാധാനസമ്പൂർണവും മികച്ചതുമാവാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു.
ഈ പുതുവത്സര വേളയിൽ പ്രവാചകർ മുഹമ്മദ് നബി (സ്വ)യുടെ ഹിജ്‌റാ പലായനചരിത്രത്തിൽ നിന്നുള്ള ഏതാനും ചില ഏടുകൾ നമ്മുക്ക് മറിച്ചുനോക്കാം. ഹിജ്‌റാ പലായനം സത്യവിശ്വാസത്തിന്റെയും മാനവികതയുടെയും മൂല്യങ്ങളോതുന്ന, സുസ്ഥിരതയുടെയും സമൂഹനിർമിതയുടെയും സന്ദേശങ്ങൾ നൽകുന്ന ഒരു ഇറങ്ങിപ്പെടലായിരുന്നു. മക്കയിൽ നിന്ന് മദീനയിലെത്തിയ ഉടനെ നബി (സ്വ) ഉന്നതമായ നാലുമൂല്യങ്ങളാണ് ജനതക്ക് പഠിപ്പിച്ചത്. നബി (സ്വ) അവരോട് പറഞ്ഞു: നിങ്ങൾ പരസ്പരം സലാം പറയൽ വ്യാപിപ്പിക്കുക, ഭക്ഷണം നൽകുക, കുടുംബബന്ധം ചേർക്കുക, ഏവരും ഉറങ്ങുന്ന സമയത്ത് നിങ്ങൾ നമസ്‌കരിക്കുക അതുവഴി നിങ്ങൾ സമാധാനത്തോടെ സ്വർഗത്തിൽ പ്രവേശിക്കും (ഹദീസ് തുർമുദി 2485, അഹ്‌മദ് 23784).
സലാം അതായത് രക്ഷയാണ് മനുഷ്യന് അടിസ്ഥാനപരമായി ആവശ്യമുള്ള മൂല്യം. പരസ്പരം സലാം പറയുന്നത് രക്ഷക്കും സമാധാനത്തിനും വേണ്ടിയുള്ള പ്രാർത്ഥനയാണ്. സലാം പറയുന്നതിലൂടെ ഹൃദയങ്ങൾ ഇണങ്ങി ബന്ധങ്ങൾ ഊട്ടിയുറപ്പിക്കപ്പെടുകയും, ശത്രുതയും വിദ്വേഷവും നീങ്ങുകയും ചെയ്യുന്നു. സലാം പറയുന്നത് ഒരു സംസ്‌കാരമാണ്, അതിലൂടെയാണ് മുസ്ലിം സമൂഹത്തിന്റെ സംസ്‌കൃതി പടുക്കപ്പെടുന്നതും അഭിവൃദ്ധി പ്രാപിക്കുന്നതും.
നബി(സ്വ) പഠിപ്പിച്ച രണ്ടാമത്തെ മൂല്യം ഭക്ഷണദാനമാണ്. ഭക്ഷണം നൽകുന്നതിലൂടെ സമൂഹത്തിൽ ഐക്യവും അഖണ്ഡതയും തളിർ ഇടപ്പെടുന്നു. ദാനം നൽകുന്നത് അവർക്ക് ആവേശമായിരിക്കും. അല്ലാഹു അവരുടെ ചെയ്തിയിൽ ഏറെ തൃപ്തിപ്പെടുകയും അവർക്ക് നല്ല പകരങ്ങൾ നൽകുകയും ചെയ്യും. എന്തൊരു വസ്തു നിങ്ങൾ വ്യയം ചെയ്യുന്നുണ്ടെങ്കിലും അവനതിനു പകരം തരും, ഉപജീവനം നൽകുന്നവരിൽ അത്യുദാത്തനേ്രത അവൻ (സൂറത്തു സബഅ് 39).
മൂന്നാമത്തെ മൂല്യം കുടുംബബന്ധം ചേർക്കലാണ്. കുടുംബമാണ് പ്രഥമ സാമൂഹിക സ്ഥാപനം. കുടുംബബന്ധങ്ങളിലൂടെയാണ് സമൂഹം വികാസം പ്രാപിക്കുന്നത്. കുടുബബന്ധം സൂക്ഷിക്കണം. സൂറത്തുന്നിസാഅ് ഒന്നാം സൂക്തത്തിൽ തന്നെ അല്ലാഹു പറയുന്നു: ഏതൊരുവന്റെ പേരിൽ നിങ്ങൾ അവകാശങ്ങൾ ചോദിക്കുന്നുവോ ആ അല്ലാഹുവിനെയും കുടുംബബന്ധവും സൂക്ഷിക്കുക.
നാലാമതായി പഠിപ്പിച്ച മൂല്യം സത്യവിശ്വാസത്തിന്റെ ഭാഗമായുള്ള ആരാധനാകർമ്മമായ നമസ്‌കാരമാണ്. അല്ലാഹുവിനോടുള്ള ബന്ധം ചേർക്കലാണ് നമസ്‌കാരം. ഏതുതരം ജോലിയിലും തിരക്കിലുമാണെങ്കിൽ പോലും നമസ്‌കാരങ്ങൾ യഥാവിധി യഥാസമയം നിർവ്വഹിക്കുക തന്നെ ചെയ്യണം. സൂറത്തുൽ ഫുർഖാൻ 64ാം സൂക്തത്തിൽ നാഥന് സാഷ്ടാംഗം ചെയ്തും നമസ്‌കരിച്ചും കൊണ്ടു രാത്രി കഴിച്ചുകൂടുന്ന മാതൃകാ സത്യവിശ്വാസികളായ ഇബാദു റഹ്‌മാനെപ്പറ്റി പരാമർശമുണ്ട്.
ഈ നാലു മൂല്യങ്ങൾ ജീവിതത്തിൽ പാലിക്കുന്നവന്നവർക്ക് സ്വർഗം സുനിശ്ചിതമത്രേ.
പുതുവർഷവേളയും വേനലവധിയും ഒരുമിച്ചെത്തിയിരിക്കുകയാണ്.
നമ്മുടെ മക്കളുടെ അവധി അവസരങ്ങളെ നാം വിജയപ്രദമാക്കണം. മക്കൾക്ക് കൂടുതൽ ശ്രദ്ധ നൽകണം. മക്കളെ നമസ്‌കരിക്കാനും, മുതിർന്നവർ പങ്കെടുക്കുന്ന മതവിജ്ഞാന സദസ്സുകൾക്കും കൂടെ കൂട്ടണം. ഒഴിവു സമയവും ചീത്തകൂട്ടുകെട്ടും മക്കളെ ലഹരിയുടെ കരാളഹസ്തങ്ങളിൽ പെടുത്തിയേക്കാം.
നബി (സ്വ)യുടെ ഹിജ്‌റാ സ്മരിക്കപ്പെടുന്ന ഈ മുഹൂർത്തത്തിൽ നാം അത്യന്തം ചിന്തിക്കേണ്ട ഒരു ഹദീസുണ്ട്: മുഹാജിർ അതായത് ഹിജ്‌റാ ചെയ്തവൻ എന്നാൽ അല്ലാഹു വിലക്കിയത് വെടിഞ്ഞവനെന്നാണ് (ബുഖാരി 6484). ഈ വാക്കുകൾ എന്നും നാം ജീവിതത്തിൽ കൂടെകൊണ്ടുനടക്കണം. മടിയും ഉദാസീനതയും വെടിയാം. മക്കളുടെ കാര്യത്തിലുള്ള അശ്രദ്ധ പൂർണമായും ഒഴിവാക്കാം. അവരോടുള്ള ഉത്തരവാദിത്വങ്ങൾ മുറപോലെ ചെയ്യാം.
ഓരോ പിതാവും തങ്ങളുടെ മക്കൾ എങ്ങനെ സമയം ചെലവഴിക്കുന്നു, ആരുടെ കൂടെ ചെലഴിക്കുന്നു, ഇന്റർനെറ്റ് മോശമായ കാര്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടോ, തെമ്മാടികളായ കൂട്ടുകാരുണ്ടോ, അവർ അവനെ ലഹരി ഉപയോഗത്തിനായി പ്രേരിപ്പിക്കുന്നുണ്ടോ എന്നെല്ലാം നിർബന്ധമായും അറിഞ്ഞിരിക്കണം. ഓരോർത്തരും അവരവർ ഏൽപ്പിക്കപ്പെട്ട കാര്യങ്ങളിൽ ഉത്തരവാദിത്വപ്പെട്ടവരാണ്, അത് അവർ ശരിയാംവണ്ണം പാലിച്ചോ ഇല്ലയോ എന്ന് അല്ലാഹു ചോദ്യം ചെയ്യുന്നതായിരിക്കും (ഹദീസ് തുർമുദി 1801, നസാഈ 9129).
ലഹരിയുടെ വിനാശ വലയിൽപ്പെട്ടവരേ, നിങ്ങൾ കാരണം നിങ്ങളുടെ മാതാപിതാക്കൾ അനുഭവിക്കുന്ന ദുഖഭാരങ്ങൾ നിങ്ങൾ അറിയുന്നുണ്ടോ? നിങ്ങൾ നിങ്ങളുടെ ഭാവി ആലോചിച്ചിട്ടുണ്ടോ?
ലഹരി പദാർത്ഥങ്ങൾ പരിപൂർണമായും വെടിയാൻ തയ്യാറാവണം. എത്രയും പെട്ടെന്ന് ചികിത്സ തേടുകയും വേണം. അന്ത്യനാളിൽ ഒരാൾ അയാളുടെ ശരീരം എങ്ങനെ നശിപ്പിച്ചു എന്ന കാര്യം ചോദ്യം ചെയ്യപ്പെടുന്നത് വരെ ഇരു പാദങ്ങളും അനങ്ങുകയില്ലെന്നാണ് നബി (സ്വ) പററഞ്ഞിരിക്കുന്നത് (ഹദീസ് തുർമുദി 2417).
മക്കളുടെ കാര്യത്തിൽ ഏവരും വിചാരണ ചെയ്യപ്പെടുന്നതാണ്. അതിനാൽ രക്ഷാകർതൃ ഉത്തരവാദിത്വം ഓരോർത്തരും ഭംഗമില്ലാതെ നിർവേറ്റി മക്കളെ നാടിനും സമൂഹത്തിനും ഉപകാരമുള്ളവരായി വളർത്തിയെടുക്കണം.

