നബി (സ്വ)യുടെ മേൽ സ്വലാത്തു സലാമുകൾ അധികരിപ്പിക്കാം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട് 

തീയ്യതി: 24/07/2026

ഒരിക്കൽ വളരെ പ്രസന്നവദനരായി കടന്നുവന്ന നബി (സ്വ) യോട് സ്വഹാബികൾ ചോദിച്ചു: തിരു ദൂതരേ ഇന്ന് അങ്ങ് വളരെ സന്തോഷത്തിലാണല്ലൊ, ഞങ്ങളത് മുഖത്ത് കാണുന്നുണ്ട്. അപ്പോൾ നബി (സ്വ) പറഞ്ഞു: ഒരു മാലാഖ എന്റെയടുത്ത് വന്നു ഉരുവിടുകയുണ്ടായി 'ഹേ മുഹമ്മദ് പ്രപഞ്ചനാഥനായ അല്ലാഹു പറയുന്നുണ്ട്: അങ്ങയുടെ മേൽ ഒരാൾ സ്വലാത്തും സലാമും ചൊല്ലുകയാണെങ്കിൽ അതിന് പകരമായി അവനിക്ക് പത്തിരട്ടി സ്വലാത്തും സലാമും നാം രേഖപ്പെടുത്തുന്നതാണ്, ഇക്കാര്യം അങ്ങയെ സംതൃപ്തനാക്കുന്നില്ലേ . അപ്പോൾ നബി (സ്വ) പറഞ്ഞുവത്രെ: അതേ തീർച്ചയായും (ഹദീസ് അഹ്‌മദ് 16363, നസാഈ 1295). 


നമ്മുടെ നബി (സ്വ) പരമമായ മഹോന്നതിയിലാണ്. നബി (സ്വ)മേൽ നാം സ്വലാത്തും സലാമും ചൊല്ലിക്കൊണ്ടിരിക്കണം. അല്ലാഹുവും മലക്കുകളും നബി (സ്വ)യുടെ മേൽ സ്വലാത്തും സലാമും ചൊല്ലുന്നുണ്ട്, നമ്മളോട് അങ്ങനെ ചെയ്യാൻ അല്ലാഹു കൽപ്പിക്കുന്നുമുണ്ട് (സൂറത്തുൽ അഹ്‌സാബ് 56). 

നബി (സ്വ)യുടെ മേൽ ചൊല്ലുന്ന സ്വലാത്തു സലാമുകളുടെ ശ്രേഷ്ഠതകൾ അറിയുന്നയാൾ രാപകൽ ഭേദമന്യെ രഹസ്യമായും പരസ്യമായും അവ അധികരിപ്പിച്ചുകൊണ്ടിരിക്കും. സ്വലാത്തു സലാമുകൾ ഉരുവിടപ്പെടുന്ന പ്രാർത്ഥനകൾക്ക് ഉത്തരം നൽകപ്പെടുന്നതും ആഗ്രഹങ്ങൾ സഫലീകരിക്കപ്പെടുകയും ചെയ്യും. 

ഒരിക്കൽ ഇബ്‌നു മസ്ഊദ് (റ) അല്ലാഹുവിനെ സ്തുതിച്ചും നബി (സ്വ)യുടെ മേൽ സ്വലാത്തുകൾ ചൊല്ലിയും ദുആ ചെയ്യുകയുണ്ടായി. അപ്പോൾ നബി (സ്വ) പറഞ്ഞു: നീ ചോദിക്കുക നൽകപ്പെടും, നീ ചോദിക്കുക നൽകപ്പെടും (ഹദീസ് തുർമുദി 593).


നബി (സ്വ)യുടെ മേലുള്ള സ്വലാത്തിനാൽ ദോഷങ്ങൾ പൊറുക്കപ്പെടുകയും, പ്രതിസന്ധികളും പ്രതിബന്ധങ്ങളും നീങ്ങുകയും ചെയ്യും. ഉബയ്യു ബ്‌നു കഅ്ബ് (റ) സാക്ഷ്യപ്പെടുത്തുന്നുണ്ട് :ഒരിക്കൽ ഞാൻ നബി (സ്വ)യോട് ചോദിക്കുകയുണ്ടായി ഞാൻ  അധികമായി പ്രാർത്ഥനകൾ ചെയ്യുന്നുണ്ട്, അതിൽ ഞാനെത്ര സ്വലാത്തുകൾ അങ്ങയുടെ മേൽ ചൊല്ലണം. അപ്പോൾ നബി (സ്വ): താങ്കൾക്ക് ഇഷ്ടമുള്ളത്ര. ഞാൻ ചോദിച്ചു: നാലിലൊന്ന് ഭാഗമാണോ? നബി (സ്വ) പറഞ്ഞു: താങ്കൾക്ക് ഇഷ്ടമുള്ളത്ര, അധികരിപ്പിച്ചാൽ അത്രയും നല്ലത്.. അങ്ങനെ ഉബയ്യ് (റ) പറഞ്ഞു: എന്നാൽ എല്ലാം എന്റെ പ്രാർത്ഥനകളും സ്വലാത്താക്കാം. അപ്പോൾ നബി (സ്വ) പറഞ്ഞു: എന്നാൽ താങ്കളുടെ വിഷാദങ്ങൾ മാറിക്കിട്ടും, പാപങ്ങൾ പൊറുക്കപ്പെടും (ഹദീസ് തുർമുദി 2457). 


സ്വലാത്തുകൾ ചൊല്ലുന്നവർ അന്ത്യനാളിൽ നബി (സ്വ)യുടെ സാമീപ്യം ലഭിക്കുന്നവരായിരിക്കും. സ്വലാത്തുകൾ അധികരിപ്പിക്കുന്നവരായിരിക്കും അന്ത്യനാളിൽ ഏറ്റവും അടുത്തുള്ളവരെന്ന് നബി (സ്വ) തന്നെ പറഞ്ഞിട്ടുണ്ട് (ഹദീസ് തുർമുദി 484). 

സ്വലാത്തു കൊണ്ടുള്ള ഉപകാരങ്ങളും ഫലങ്ങളും അനവധിയാണ്, എണ്ണിതിട്ടപ്പെടുത്താനാവില്ല. എന്നിട്ടും സ്വലാത്തുകൾ ചൊല്ലാത്തവരുടെ അവസ്ഥ വളരെ പരിതാപകരം തന്നെ. എന്റെ പേര് ചൊല്ലുന്നത് കേട്ടിട്ടും സ്വലാത്ത് ചൊല്ലാത്തവനാണ് പിശുക്കനെന്ന് നബി (സ്വ) തന്നെ പറഞ്ഞിട്ടുണ്ട് (ഹദീസ് അഹ്‌മദ് 1762, നസാഈ 7/291, സ്വഹീഹു ഇബ്‌നു ഹിബ്ബാൻ  3/190, ഹാകിം മുസ്തദ്‌റക് 1/549). 

നമ്മുടെ നബി (സ്വ) മേൽ സ്വലാത്തു സലാമുകൾ അധികരിപ്പിക്കാം. സ്വലാത്തു സലാമുകൾ ചൊല്ലാൻ മക്കളെ ശീലിപ്പിക്കാം. എന്നാൽ വീട്ടിലും കുടുംബത്തിലും സമൂഹത്തിലും ബർകത്ത് ഉണ്ടാവും, അനായാസം സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്യാം. 

2

നാം ഓരോർത്തരും ഓരോ ദിവസത്തിലും പരമാവധി സ്വലാത്തു സലാമുകൾ നബി (സ്വ)യുടെ മേൽ ചൊല്ലണം. പ്രത്യേകിച്ച് വെള്ളിയാഴ്ച ദിവസം. നബി (സ്വ) പറയുന്നുണ്ട് അതിശ്രേഷ്ഠമായ ദിവസമാണ് വെള്ളിയാഴ്ച, ഈ ദിവസത്തിൽ എന്റെ മേൽ സ്വലാത്തുകൾ അധികരിപ്പിക്കുക, അവ എനിക്ക് വെളിവാക്കപ്പെടുന്നതാണ് (ഹദീസ് അബൂദാവൂദ് 1531). ബാങ്കുവിളി കേട്ടാൽ അതിലെ വാക്കുകൾ അതുപോലെ പറഞ്ഞ് ജവാബ് പറയണം, ശേഷം നബി (സ്വ)യുടെ മേൽ സ്വലാത്ത് ചൊല്ലുകയും അല്ലാഹുവിനോട് നബി (സ്വ)ക്കായി സ്വർഗത്തിലെ മഹോന്നത പദവിയായ വസ്വീലത്ത് ചോദിക്കുകയും വേണം. എന്നാൽ നമ്മുക്ക് ദൈവകൃപയും പ്രവാചക ശിപാർശയും ലഭിക്കുന്നതാണ് (ഹദീസ് മുസ്ലിം 1531).


back to top