യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 31/07/2026 (സ്വഫർ 16 ഹിജ്‌റാബ്ദം 1448)
പ്രവാചകന്മാരുടെയും സച്ചരിതരായ ഗതകാല മഹത്തുക്കളുടെയും സ്വഭാവഗുണത്തിൽപ്പെട്ടതാണ് താഴ്മ.
മനസ്സിനെ അഹങ്കാരത്തിൽ നിന്ന് സംസ്‌ക്കരിച്ചെടുക്കലും ലാളിത്യത്തോടെ ഇടപെടലും ആളുകളെ മാനിക്കലും മയത്തോടെ പെരുമാറലുമാണ് താഴ്മ എന്ന് നിർവചിക്കപ്പെടുന്നു. അങ്ങനെ ചെയ്താൽ പാരസ്പര്യബോധവും സ്‌നേഹവും ഇണക്കവുമുണ്ടാവും. സത്യവിശ്വാസികളോട് സവിനയ സമീപനങ്ങൾ സ്വീകരിക്കാൻ അല്ലാഹു കൽപ്പിക്കുന്നത് വിശുദ്ധ ഖുർആൻ പ്രസ്താവിക്കുന്നുണ്ട് (സൂറത്തുൽ ഹിജ്‌റ് 88). നബി (സ്വ) പറയുന്നു: ഏവരും താഴ്മ കാണിക്കണമെന്നാണ് അല്ലാഹു എനിക്ക് ദിവ്യബോധനം നൽകിയിരിക്കുന്നത്, ഒരാളും മറ്റൊരാളോട് അഹങ്കരിക്കാനോ അതിക്രമം കാട്ടാനോ പാടുള്ളതല്ല (ഹദീസ് അദബുൽ മുഫ്‌റദ് 428).
താഴ്മ അല്ലാഹുവിനോടുള്ള അനുസരണയുടെയും സത്യവിശ്വാസത്തിന്റെയും ഉത്തമ രീതി കൂടിയാണ്. ആയിഷാ (റ) പറയുന്നു: നിങ്ങളേവരും ആരാധനയുടെ അതിശ്രേഷ്ഠ രൂപത്തെ അവഗണിക്കുകയാണ്, അതാണ് താഴ്മ (ഹദീസ് നസാഈ സുനനുൽ കുബ്‌റാ 11852).
ദൃഢമായ സത്യവിശ്വാസത്തിന്റെ ഉച്ചിയിലെത്തണമെങ്കിൽ താഴ്മയുള്ളവനാകാതെ പറ്റില്ലെന്നാണ് പ്രമുഖ സ്വഹാബിവര്യൻ മുആദു ബ്‌നു ജബൽ (റ) പറഞ്ഞിരിക്കുന്നത് (ശർഹു സുന്നത്ത് ലിബഗ്‌വീ 14/269).
ശ്രേഷ്ഠ അടിമകളായി വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്ന ഇബാദു റഹ്‌മാന്റെ സ്വഭാവഗുണങ്ങളിൽവെച്ച് ആദ്യം പ്രതിപാദിക്കുന്നത് അവർ താഴ്മയുള്ളവരെന്നാണ്: കരുണാമയനായ അല്ലാഹുവിന്റെ ദാസന്മാർ (ഇബാദുറഹ്‌മാൻ) വിനയാന്വിതരായി ഭൂമിയിൽ സഞ്ചരിക്കുന്നവരും ..... (സൂറത്തുൽ ഫുർഖാൻ 63). നാം ചിന്തിക്കണം, എന്തുകൊണ്ടാണ് അല്ലാഹു അവരുടെ പ്രത്യേകതകളിൽ വെച്ച് താഴ്മയെ ആദ്യം പരാമർശിച്ചത്?, അവരെ ബഹുമാനിച്ചത്? അല്ലാഹുവിലേക്ക് ചേർത്തി റഹ്‌മാനായ അല്ലാഹുവിന്റെ അടിമകൾ എന്ന് പേരു വിളിച്ചത്?.. അതിന് ഒരൊറ്റ ഉത്തരമേയുള്ളൂ. അവരുടെ താഴ്മ. നിശ്ചയമായും താഴ്മ സുകൃതങ്ങളുടെ ഏണിയാണ്, മാഹാത്മ്യങ്ങളുടെ താക്കോലാണ്. അതുകൊണ്ടാണ് നബി (സ്വ) പറഞ്ഞത്: താഴ്മ കാണിച്ചവരെയൊക്കെ അല്ലാഹു ഉയർത്തിയിരിക്കും (ഹദീസ് മുസ്ലിം 2588). താഴ്മ കാണിക്കുന്നവനാണ് സമൂഹത്തിലെ ഉന്നതനെന്നും പറയപ്പെട്ടിട്ടുണ്ട്.
താഴ്മ എന്നത് അഹങ്കാരത്തിനും നിന്ദ്യതക്കും ഇടയിലുള്ള ശ്രേഷ്ഠമായ നിലപാടാണ്. അത് അഭിമാനമാണ്, ഗാംഭീര്യവുമാണ്. എന്നാൽ ഹുങ്കോ പൊങ്ങച്ചമോ അല്ല. അപമാനമോ അഭിമാനഭംഗമോ അല്ല. ഒരിക്കൽ ഉമർ ബ്‌നു ഖത്വാബ് (റ) ഒരാൾ ബലക്ഷയം പ്രകടിപ്പിച്ചു താഴ്മ അഭിനയിക്കുന്നത് കണ്ടപ്പോൾ അയാളെ ആട്ടിയോടിക്കുകയാണുണ്ടായത്, എന്നിട്ട് പറഞ്ഞു: നമ്മുടെ മതത്തെ കൊല്ലരുത്.
താഴ്മയുള്ളയാൾ അഭിമാനിയും ബഹുമാന്യനുമായിരിക്കും. അല്ലാഹുവിന് ഇഷ്ടപ്പെട്ടവനും അടുത്തവനുമായിരിക്കും. അതിനാൽ നാമേവരും താഴ്മയുള്ളവരാകുക.
നാം നക്ഷത്രത്തെ പോലെ താഴ്മ കാണിക്കണം, ആകാശ ഉന്നതികളിലുള്ള നക്ഷത്രം താഴെയുള്ള ഭൂമിയിലെ വെള്ളത്തിൽ വെട്ടിത്തിളങ്ങി നോക്കുന്നവർക്ക് നയനാനന്ദനം പകരുന്നതാണ്.
പുകയെ പോലെ ആവരുത്, താഴെയുള്ള ഭൂമിയിൽ നിന്ന് സ്വയം അന്തരീക്ഷത്തിലേക്ക് ഉയർന്ന് പട രുന്നതാണ് പുക.
ജീവിതത്തിലെ സുപ്രധാന മൂല്യമാണ് താഴ്മ.
താഴ്മയുള്ള ജീവിതത്തിലെ ഇടപെടലുകളും പെരുമാറ്റങ്ങളും ചൊവ്വായിരിക്കും. മറ്റുള്ളവരോട് സേവനസജ്ജമായിരിക്കും.
നബി (സ്വ) മറ്റുള്ളവരോട് താഴ്മയോടെ സേവനസന്നദ്ധരായിരുന്നു. ഒരിക്കൽ ഒരു സ്ത്രീ വന്ന് നബി (സ്വ)യോട് പറഞ്ഞു: തിരു ദൂതരേ, അങ്ങ് എന്റെ കൂടെ വരണം എനിക്കൊരു ആവശ്യമുണ്ട്. നബി (സ്വ) പോയി നിശബ്ദരായി കേട്ടു ആവശ്യം പൂർത്തീകരിച്ചു കൊടുക്കുകയാണ് ചെയ്തത് (ഹദീസ് മുസ്ലിം 2326). സമൂഹത്തിൽ അഖണ്ഢതയും സ്വസ്ഥതയും ഉറപ്പുവരുത്തുന്ന സ്വഭാവഗുണമാണ് താഴ്മ. അത് മോശത്തരങ്ങളിൽ നിന്ന് തടയുന്നതാണ്. താഴ്മ ഇല്ലാത്തവൻ സംസാരിച്ചാൽ തന്നെ അവന്റെ സ്വഭാവദൂഷ്യം വെളിവാക്കപ്പെടുന്നതാണ്. അഹങ്കാരം അവനെ പഠിക്കുന്നതിൽ നിന്ന് തടയും. പൊങ്ങച്ചമെന്ന അന്ധകാരം പ്രവേശിച്ച ഹൃദയത്തിൽ വിജ്ഞാനം പ്രവേശിക്കില്ലത്രെ. ലഛ്ഛിക്കുന്നവനും അഹങ്കരിക്കുന്നവനും വിജ്ഞാനം നേടാനാവില്ല. അഹങ്കാരി മറ്റുള്ളവരുടെ മുമ്പിൽ ആളാവുകയും അനർഹമായത് തേടുകയും ചെയ്യും. അവനിക്ക് യോഗ്യതയില്ലാത്തതിൽ സ്വന്തത്തെ പ്രതിഷ്ഠിക്കുകയും ഇല്ലാത്ത കാര്യത്തിൽ അഭിമാനം നടിക്കുകയും ചെയ്യും.
ഇമാറാത്തിൽ നിവസിക്കുന്നവരേ, നാം താഴ്മയുടെ മൂല്യമറിഞ്ഞുകൊണ്ട് ഏവരോടും നന്നായി ഇടപെടുകയും പെരുമാറുകയും ചെയ്യണം. മക്കളിലും താഴ്മ ഉണ്ടാക്കണം. ലുഖ്മാനുൽ ഹകീം (റ) മകനോട് ഉപദേശിക്കുന്നുണ്ട്: മകനേ നീ ജനങ്ങളിൽ നിന്ന് ആഢ്യമനസ്‌കനായി മുഖം തിരിച്ചുകളയുകയോ ഭൂമിയിൽ അഹംഭാവത്തോടെ നടക്കുകയോ അരുത്. അഹന്തയും പൊങ്ങച്ചവും കാട്ടുന്ന ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയേ ഇല്ല (സൂറത്തു ലുഖ്മാൻ 18)

