മക്കളുടെ ബുദ്ധിയും സംരക്ഷിക്കണം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 09/10/2026

അല്ലാഹു മനുഷ്യന് സവിശേഷമായി നൽകിയ മഹാനുഗ്രഹമാണ് ബുദ്ധി. മതകീയമായും ഭൗതികമായും മനുഷ്യനെ നേർവഴി നടത്തുന്നത്് ബുദ്ധിയാണ്. നാം ഏറെ ശ്രദ്ധ പതിക്കേണ്ടതാണ് നമ്മുടെ മക്കളുടെ ബുദ്ധിയിൽ. അവരെ അവരുടേതായ സൈബർ ലോകത്ത് വിലസാൻ വിടരുത്. അശ്രദ്ധയുണ്ടാവരുത്. അവരുടെ ചിന്തയും ബുദ്ധിയും മതകീയ ചിട്ടകളിലേക്കും സാമൂഹിക സേവനങ്ങളിലേക്കും തിരിച്ചുവിടണം. അവർ നമ്മുടെ വീട്ടിലാണെങ്കിൽ തന്നെയും മുറിക്കകത്ത് കതകടച്ച് മറ്റൊരു ലോകത്തായിരിക്കാം. നമ്മുടെ കരളിന്റെ കഷ്ണങ്ങളായ മക്കൾ എങ്ങോട്ടേക്കാണെന്ന ചിന്ത എപ്പോഴുമുണ്ടാവണം. 

മക്കളുടെ ബുദ്ധി നമ്മുടെ സൂക്ഷിപ്പുബാധ്യത(അമാനത്ത്)യാണ്. അതിൽ അശ്രദ്ധ കാണിച്ചാൽ ഖേദിച്ചക്കേണ്ടിവരും. കുടുംബക്കാരുടെ കാര്യത്തിൽ കുടുംബനാഥൻ ഉത്തരവാദിത്വവാദിയാണെന്നും അക്കാര്യത്തിൽ അല്ലാഹുവിങ്കൽ ചോദ്യം ചെയ്യപ്പെടുമെന്നുമാണ് നബി (സ്വ) മുന്നറിയിപ്പു നൽകിയിട്ടുള്ളത് (ഹദീസ് സ്വഹീഹു ഇബ്‌നു ഹിബ്ബാൻ 5103). 

ചെറുപ്പത്തിൽ വ്യക്തിത്വ രൂപീകരണ സമയത്തു തന്നെ മക്കളുടെ ബുദ്ധി കാര്യത്തിൽ സഗൗരവ ശ്രദ്ധ ഉണ്ടാവേണ്ടതുണ്ട്. അവരിൽ ആത്മവിശ്വാസമുണ്ടാക്കണം. മറ്റുള്ളവരോട് ഇടപെടാൻ പഠിക്കണം. അതെല്ലാം അവരുടെ ജീവിതത്തിൽ പ്രതിഫലിച്ചുകാണാനാവും. 


പിതാക്കളേ,

നമ്മുടെ പ്രവാചകർ മുഹമ്മദ് നബി (സ്വ) ചെറിയ കുട്ടികളോട് ഇടപഴകുന്ന മാതൃക പകർത്തേണ്ടിയിരിക്കുന്നു.

മക്കളോട് കൂടിയാലോചനകൾ നടത്തണം. അവർക്ക് സൽഗുണ പാഠങ്ങൾ നൽകണം. നബി (സ്വ) കുട്ടിയായ ഇബ്‌നു അബ്ബാസി (റ)നെ ലാളനകളോടെ കുഞ്ഞുമോനെ എന്നുവിളിച്ചുകൊണ്ട് ശ്രേഷ്ഠസ്വഭാവങ്ങൾ പഠിപ്പിക്കുന്നുണ്ട് (ഹദീസ് തുർമുദി 2685). മക്കളുടെ കൂടെ ഇരുന്ന് സ്‌നേഹവാത്സല്യങ്ങൾ കൈമാറണം. അവരുടെ പ്രായഘട്ടങ്ങൾ മനസ്സിലാക്കി വിചാരവികാരങ്ങൾ അറിയണം. പിഴച്ച ചിന്തകളും സൗഹൃദങ്ങളും വരാതെ നോക്കണം. അവരുടെ ചോദ്യങ്ങൾ കേട്ട് ബുദ്ധിപരമായി ഉത്തരങ്ങൾ നൽകണം. തെറ്റു പറ്റിയാൽ കൂടെ നിന്ന് തിരുത്താൻ അവസരം നൽകണം. കൈവിട്ടാൽ അവർ ആശ്വാസം തേടി തീവ്രവിഭാഗത്തിലോ ഭീകരകൂട്ടത്തിലോ അകപ്പെട്ടേക്കാം. മക്കളുടെ കൂട്ടുകാർ ആരെല്ലാമെന്ന് അറിഞ്ഞിരിക്കണം. അവർ ആരോടൊപ്പമെല്ലാം കൂട്ടുകൂടുന്നുവെന്നെല്ലാം മനസ്സിലാക്കണം. ഒരാൾ അയാളുടെ കൂട്ടുകാരന്റെ ആദർശത്തിലായിരിക്കും, അതിനാൽ ഓരോർത്തരും വളരെ ആലോചിച്ചുവേണം സുഹൃത്തിനെ തെരഞ്ഞെടുക്കാനെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട് (ഹദീസ് അബൂദാവൂദ് 4833, തുർമുദി 2535).


ഇന്ന് മക്കളുടെ സുഹൃത്തുക്കൾ ഏറെയും സമൂഹ മാധ്യമങ്ങളിലെ ഫ്രണ്ട്‌സുകളാണ്, അവർ മക്കളുടെ സ്വഭാവത്തിലും ചിന്തയിലും സ്വാധീനം ചൊലുത്തിയേക്കാം. മക്കൾ കാണുന്നതും കേൾക്കുന്നതും സമ്പർക്കം പുലർത്തുന്നതുമെല്ലാം നാം അറിഞ്ഞിരിക്കണം. അവരെ ചൂഷണങ്ങളിൽപെടാതെ സംരക്ഷിക്കണം. അവരെ ചിന്തിക്കുകയും ചോദ്യങ്ങൾ ചോദിക്കുന്നവരും കാര്യങ്ങൾ സ്ഥിരീകരിച്ചറിയുന്നവരുമായി വളർത്തണം. ഒരു വാർത്ത കേട്ടാൽ അതാര് പറഞ്ഞു?, സന്ദർഭത്തിൽ നിന്ന് അടർത്തിയാണോ?, ഈ ചിന്ത എവിടേക്ക് എത്തിക്കും? എന്നെല്ലാം ചോദിക്കാൻ ശീലിപ്പിക്കണം. വികാരം അഴിച്ചുവിടുന്നവരുടെ ആവേശത്തിൽ പെടാതെ നോക്കണം. കേട്ട വാർത്തകളെല്ലാം കൈമാറാതിരിക്കാൻ പ്രാപ്തരാക്കണം. കേട്ടതെല്ലാം പറഞ്ഞുപരത്തുന്നത് തന്നെ വൻകുറ്റമാവാൻ മതിയെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് അബൂദാവൂദ് 4992).


പിഴച്ച ചിന്തകളെ മനോഹരമാക്കി അവതരിപ്പിച്ചുകൊണ്ട് തീവ്രവാദം പരോക്ഷമായി തുടക്കമിടും. ശേഷം വെറുപ്പ് ഉൽപാദിപ്പിക്കും. അത് കഠിനമായ വൈരത്തിലേക്കും ശത്രുതയിലേക്കും നയിക്കും. മക്കളെ വികാരങ്ങൾക്ക് അടിമപ്പെടാതെ സംരക്ഷിക്കണം. പരിശുദ്ധ ഇസ്ലാം മതം അപരവിദ്വേഷം അനുവദിക്കുന്നില്ല. സത്യവിശ്വാസി കുത്തുവാക്കുകൾ പറയുന്നവനും ശപിക്കുന്നവനും അശ്ലീലം പറയുന്നവനും അസഭ്യം പുലമ്പുന്നവനുമല്ലെന്നാണ് നബി വചനം (ഹദീസ് തുർമുദി 2092). 

ഇസ്ലാം മതം വഞ്ചനക്ക് കൂട്ടുനിൽക്കുന്നില്ലെന്ന് മക്കളെ പഠിപ്പിക്കണം. സൂക്ഷിപ്പുകാര്യം ഏൽപ്പിച്ചയാളെ സസൂക്ഷ്മം തിരിച്ചേൽപ്പിക്കാനും ചതിച്ചവരെ തിരിച്ചു ചതിക്കാതിരിക്കാനുമാണ് നബി (സ്വ) കൽപ്പിച്ചിരിക്കുന്നത് (ഹദീസ് അബൂദാവൂദ് 3535). അക്രമവും കൊലയും ഇസ്ലാം ഒരിക്കലും അനുവദിക്കുന്നില്ല. അവയുടെ കാര്യത്തിൽ നബി (സ്വ) ശക്തമായ മുന്നറിയിപ്പു ന്ൽകിയിട്ടുണ്ട്. കൊല ചെയ്യപ്പെട്ടയാൾ അന്ത്യനാളിൽ അല്ലാഹുവിങ്കൽ കൊലയാളിയോട് തർക്കിച്ചു വരുമത്രെ, അല്ലാഹുവിനോട് ചോദിക്കും: എന്റെ നാഥാ, നിന്റെ അടിമയോട് ചോദിക്കുക: എന്തിനാണ് എന്നെ കൊന്നതെന്ന്് (ഹദീസ് അഹ്‌മദ് 2142). 

പിഴച്ച ബുദ്ധിയും പാഴായ ആയുസ്സും അടങ്ങാത്ത ദുഖവും നഷ്ടവുമാണ് തീവ്രവാദത്തിന്റെ ആകെത്തുക. അല്ലാഹു പറയുന്നു: നബിയേ പ്രഖ്യാപിക്കുക, അനുഷ്ഠാന കർമ്മങ്ങൾ ഏറ്റം നഷ്ടകരമായി ഭവിച്ചവരെപ്പറ്റി നിങ്ങൾക്കു നാം പറഞ്ഞു തരട്ടയോ, തങ്ങളുടെ ഐഹിക ജീവിതപ്രവർത്തനങ്ങളിൽ മാർഗഭ്രംശം വന്നവരാണവർ, എന്നാൽ ഉദാത്തകർമ്മങ്ങളാണ് തങ്ങളനുവർത്തിക്കുന്നതെന്നാണവരുടെ ധാരണ (സൂറത്തുൽ കഹ്ഫ് 103,104). ബുദ്ധിയുള്ളവർക്ക് ഗുണപാഠങ്ങളുണ്ട്.


മാതാപിതാക്കളേ,

നാട് അമാനത്താണെന്ന് മക്കളെ ബോധവാന്മാരാക്കണം. അമാനത്തും കരാറും പാലിക്കാത്തവന് ഇസ്ലാമും ഈമാനും ഇല്ലെന്നാണ് നബി (സ്വ) ഉദ്‌ബോധിപ്പിച്ചിരിക്കുന്നത് (ഹദീസ് അഹ്‌മദ് 12567). മക്കളെ നാടിനോട് കൂറും കടപ്പാടുമുള്ളവരാക്കണം. നിയമവ്യവസ്ഥകൾ ബഹുമാനിക്കാൻ പ്രാപ്തരാക്കണം. നാടിന്റെ സംരക്ഷരാക്കണം. സത്യവിശ്വാസി നാടിനെയും സമൂഹത്തെയും നശിപ്പിക്കില്ല. ഭൂമിയിൽ പ്രശ്‌നമുണ്ടാക്കരുതെന്നാണ് അല്ലാഹുവിന്റെ ശക്തമായ താക്കീത് (സൂറത്തുൽ ഖിസ്വസ് 77). 

മക്കളെ മനുഷ്യരെ ബഹുമാനിക്കാനിക്കുന്നവരാക്കണം. മനുഷ്യരെ അല്ലാഹു തന്നെ ബഹുമാനിച്ചതാണല്ലൊ (സൂറത്തുൽ ഇസ്‌റാഅ് 70). വിദ്വേഷം ഇല്ലാതാക്കണം. മറ്റുള്ളവരോട് സൽസ്വഭാവത്തോടെ ഇടപെടീക്കണം. സഹിഷ്ണുതയും സഹവർത്തിത്വവും ഉണ്ടാക്കണം. അറിവുള്ളവരാക്കണം. അറിവുള്ളവരെ നീച ശക്തികൾക്ക് ചൂഷണം ചെയ്യാനാവില്ല. 

ഒരു ബുദ്ധി സംരക്ഷിച്ചാൽ കുടുംബത്തെ രക്ഷിക്കാനാവും. കുടുംബത്തെ രക്ഷിച്ചാൽ നാടിനെ രക്ഷിക്കാനാവും. 

നമ്മുടെ മക്കളിലോ ബന്ധപ്പെട്ടവരിലോ അസഹിഷ്ണുതയോ വെറുപ്പോ ഉണ്ടാക്കുന്ന വല്ല സ്വഭാവവും ഉണ്ടെന്നറിഞ്ഞാൽ അമാന്തിക്കരുത്, യുക്തമായി ഇടപെടണം. പ്രതിരോധത്തിനായി അധികൃതരെ അറിയിക്കണം. പ്രതിരോധം കൂട്ടുത്തരവാദിത്വമാണ്. മാതാപിതാക്കളിൽ നിന്ന് ആർക്കും ഒഴിഞ്ഞുകളയാനാവില്ല. എല്ലാവരും അവരുടെ കാര്യങ്ങളിൽ വിചാരണ ചെയ്യപ്പെടുന്നവരാണ്. സഹകരണത്തോടെ മക്കളുടെ ബുദ്ധിയും ശരീരവും സംരക്ഷിക്കാനിറങ്ങുക. 



back to top